കണ്ണൂർ: എല്ലാ വാർഡിലും വായനശാലകളുള്ള രാജ്യത്തെ ആദ്യ ജില്ലയായി കണ്ണൂരിനെ മാറ്റാൻ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്മെന്റ് സംഘടിപ്പിക്കുന്ന തീവ്രയജ്ഞ പരിപാടി 'വിഷുക്കണി'യുടെ ഭാഗമായി കണ്ണൂർ നിയമസഭാ മണ്ഡലത്തെ സമ്പൂർണ വായനശാല മണ്ഡലമായി തുറമുഖം, ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പ്രഖ്യാപിച്ചു. വായന ലഹരിയാക്കി, സമൂഹത്തിലെ ലഹരി വ്യാപനത്തിനെതിരെ പോരാടണമെന്നും വായനശാലകൾ അനൗദ്യോഗിക സർവകലാശാലകളാണെന്നും നല്ല ലൈബ്രറികൾ സ്‌കൂളിനും നാടിനും അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
വിഷുക്കണി തീം സോങ് ആലപിച്ച സ്റ്റാർ സിങ്ങർ ജൂനിയർ താരം പല്ലവി രതീഷിനുള്ള പുരസ്‌കാരവും കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ മികച്ച എസ് പി സി യൂണിറ്റായ മുണ്ടേരി ഹയർ സെക്കന്ററി സ്‌കൂൾ, മികച്ച എൻ എസ് എസ് യൂണിറ്റായ സെന്റ് തെരേസാസ് സ്‌കൂൾ, മികച്ച മാലിന്യ മുക്ത പഞ്ചായത്തായ മുണ്ടേരി ഗ്രാമപഞ്ചായത്ത് എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളും മന്ത്രി സമ്മാനിച്ചു.
പുതിയതായി ആരംഭിച്ച വായനശാലകൾക്ക് പീപ്പിൾസ് മിഷൻ നൽകുന്ന പുസ്തകങ്ങളുടെ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ കെ രത്‌നകുമാരി നിർവഹിച്ചു. രജിസ്‌ട്രേഷൻ, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. ഡോ. വി ശിവദാസൻ എംപി ആമുഖ പ്രഭാഷണം നടത്തി.
കണ്ണൂർ മണ്ഡലത്തിലെ എല്ലാ വാർഡുകളിലും വായനശാലകൾ എന്ന ലക്ഷ്യമാണ് ഇതോടെ പൂർത്തീകരിച്ചത്. ഇതോടെ എല്ലാ വാർഡിലും വായനശാലകൾ ആരംഭിച്ച സംസ്ഥാനത്തെ രണ്ടാമത്തെ നിയമസഭാ മണ്ഡലമായി കണ്ണൂർ മാറിയിട്ടുണ്ട്. കണ്ണൂർ മണ്ഡലത്തിലെ 60 തദ്ദേശ വാർഡുകളിലായി 65 വായനശാലകൾ പ്രവർത്തിക്കുന്നുണ്ട്. ജില്ലയിലെ 81 തദ്ദേശ സ്ഥാപനങ്ങളിൽ 43 എണ്ണം ഇതിനോടകംതന്നെ സമ്പൂർണ്ണ വായനശാലാ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഇതിൽ 40 ഗ്രാമപഞ്ചായത്തുകളും ആന്തൂർ, പയ്യന്നൂർ, കൂത്തുപറമ്പ് മുനിസിപ്പാലിറ്റികളും ഉൾപ്പെടുന്നുണ്ട്. നിലവിൽ ജില്ലയിൽ ഏകദേശം 430 പുതിയ വായനശാലകൾ ആരംഭിച്ചിട്ടുണ്ട്. 57 വായനശാലകൾക്കും 90 സ്‌കൂളുകൾക്കുമുള്ള പുസ്തകങ്ങൾ എംഎൽഎ ഫണ്ടിൽ നിന്നും 35 വായനശാലകൾക്കുള്ള പുസ്തകങ്ങൾ പീപ്പിൾസ് മിഷനും നൽകിയിട്ടുണ്ട്.
വിഷുക്കണി പരിപാടിയുടെ ഭാഗമായി വായനശാലകൾ ഇല്ലാതിരുന്ന ഏഴ് വാർഡുകളിൽ വായനശാലകൾ പുതുതായി ആരംഭിച്ചു. മണ്ഡലത്തിലെ 60 വാർഡുകളിലായി ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത 57 വായനശാലകൾ ഉൾപ്പടെ 68 വായനശാലകൾ നിലവിൽ മണ്ഡലത്തിലുണ്ട്. മുണ്ടേരി പഞ്ചായത്ത്, കണ്ണൂർ കോർപറേഷൻ സി ഡി എസ് കൾക്കുള്ള ഉപഹാരവും പരിപാടിയിൽ വിതരണം ചെയ്തു.
It has been announced that there are libraries in every ward of the Kannur Assembly constituency